2011, മാർച്ച് 29, ചൊവ്വാഴ്ച

പപ്പായകൃഷിക്ക് പുതുജീവന്‍ നല്‍കാന്‍ 'പരാദ'മെത്തി

എടപ്പാള്‍: പപ്പായമരത്തെയും മറ്റുചെടികളെയും നശിപ്പിക്കുന്ന മീലിമൂട്ടയ്‌ക്കെതിരെ 'പരാദം' കൃഷിയിടങ്ങളിലെത്തി.

എടപ്പാള്‍ കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ജബ്ബാറിന്റെ നേതൃത്വത്തിലാണ് എടപ്പാളിലെ കര്‍ഷകര്‍ക്ക് ആശ്വാസവും പപ്പായച്ചെടികള്‍ക്ക് പുതുജീവനുമേകിക്കൊണ്ട് 'അസിരോഫാഗസ്' എന്ന പരാദം വിജയകരമായി പരീക്ഷിക്കപ്പെട്ടത്.


കഴിഞ്ഞവര്‍ഷത്തില്‍ നാടുമുഴുവനും മീലിമൂട്ട ആക്രമണത്തില്‍ പപ്പായച്ചെടികള്‍ നശിച്ചിരുന്നു. പപ്പായക്കുശേഷം തുളസി, ചെമ്പരത്തി, മുരിങ്ങ, വേപ്പ് തുടങ്ങിയ ചെടികളെയും ഇവ ആക്രമിച്ചിരുന്നു. ഇതിന് പരിഹാരമായാണ് കേരളകാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര കീടശാസ്ത്ര വിഭാഗത്തില്‍ വികസിപ്പിച്ച പരാദത്തെ തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രം വഴി എത്തിച്ചത്.


എടപ്പാളിലെ നെല്ലിക്കല്‍ അനിരുദ്ധന്‍ എന്ന കര്‍ഷകന്റെ തോട്ടത്തില്‍ പപ്പായച്ചെടി ഉണ്ടാക്കിയ ശേഷം തുവരച്ചെടിയിലേക്ക് ബാധിച്ച മീലിമൂട്ടകള്‍ക്ക് നേരെ പരാദത്തെ പ്രയോഗിച്ചു. അസിരോഫാഗസ് പരാദം ടെസ്റ്റ്ട്യൂബില്‍ നിന്ന് പുറത്തുവിട്ട് ദിവസങ്ങള്‍ക്കകം തന്നെ മീലിമൂട്ട കുഞ്ഞുങ്ങളുടെ മുകളില്‍ മുട്ടയിട്ട് വളരുകയാണ് ചെയ്യുന്നത്. ഇവ പൂര്‍ണവളര്‍ച്ചയെത്തി പുറത്തുവന്നതോടെ മീലിമൂട്ടക്കുഞ്ഞുങ്ങള്‍ ഒന്നാകെ ചത്തൊടുങ്ങി. പരാദങ്ങള്‍ വീണ്ടും മീലിമൂട്ടക്കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് അവര്‍ക്കുമീതെ മുട്ടയിടും. ഒരു പരാദം അമ്പതിലേറെ മീലിമൂട്ടക്കുഞ്ഞുങ്ങളെ നശിപ്പിക്കും. പപ്പായ മീലിമൂട്ടകളെ മാത്രമേ ഈ പരാദം നശിപ്പിക്കൂ.


കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബാംഗ്ലൂരിലെ എന്‍.ബി.എ.ഐ.ഐ എന്ന സ്ഥാപനമാണ് വേട്ടാള വര്‍ഗത്തില്‍പ്പെട്ട അസിരോഫാഗസിനെ പോര്‍ട്ടോറിക്കോ എന്ന രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്.


എടപ്പാള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടക്കുന്ന ജൈവകാര്‍ഷിക പ്രവര്‍ത്തനത്തിലേക്ക് ഈ പരാദത്തെ പരിചയപ്പെടുത്തി എല്ലാകര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാക്കുമെന്ന് കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: