2011, മാർച്ച് 18, വെള്ളിയാഴ്‌ച

ജൈവ കൃഷി : പരിശീലനം പുത്തനനുഭവമായി

എടപ്പാള്‍: സ്വന്തം കൃഷിയിടത്തില്‍നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികളും ജൈവവളങ്ങളും നിര്‍മിക്കാന്‍ പരിശീലനം നല്‍കിയ ശില്പശാല കര്‍ഷകര്‍ക്ക് പുതിയ അനുഭവമായി.


എടപ്പാള്‍ കൃഷിഭവനാണ് ജൈവകൃഷി വ്യാപനത്തിന്റെ ഭാഗമായി ജി.എല്‍.പി.സ്‌കൂളില്‍ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല നടത്തിയത്.

തമിഴ്‌നാട് സത്യമംഗലത്തുള്ള ദേശീയകാര്‍ഷിക രംഗത്തെ അറിയപ്പെടുന്ന ജൈവകര്‍ഷകന്‍ എസ്.ആര്‍. സുന്ദരരാമന്റെ കണ്ടെത്തലുകളാണ് ഇവയെല്ലാം. ഇദ്ദേഹം നേരിട്ടെത്തിയാണ് ഇവ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇദ്ദേഹം വരും മുമ്പുതന്നെ ആവശ്യമായ സാധനങ്ങളും കുറിപ്പടി കൊടുത്തയച്ച് കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ ജബാര്‍ ശേഖരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ 13 ഏക്കര്‍ കൃഷിയിടത്തില്‍ കരിമ്പ്, വാഴ, ചോളം, നെല്ല്, പച്ചക്കറി തുടങ്ങിയവ വര്‍ഷങ്ങളായി കൃഷിചെയ്തുവരുന്ന കര്‍ഷകനാണിദ്ദേഹം.


എടപ്പാളില്‍ 112 ഏക്കറില്‍ 205 കര്‍ഷകരെ ഉപയോഗിച്ച് ജൈവകൃഷിവ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് ശില്പശാല നടത്തിയത്.


സിപിസിആര്‍ഐ മുന്‍ഡയറക്ടറും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. അഹമ്മദ് ബാവപ്പ, കൃഷിഓഫീസര്‍ പി.കെ. അബ്ദുള്‍ ജബാര്‍, കാര്‍ഷിക സര്‍വകലാശാല പ്രൊഫ. ഡോ. സാലിക്കുട്ടി മാത്യു, കൃഷി അസി.ഡയറക്ടര്‍ പി. ജയന്തകുമാര്‍, എസ്.ആര്‍. സുന്ദര്‍രാജന്‍, കല്ലിങ്ങല്‍ രാജന്‍, കെ. വേലായുധന്‍, സുനില്‍, ശ്രീജിത്, എന്‍. അബൂബക്കര്‍, എം. ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷീര സംഘങ്ങളില്‍ നിന്നും ഗോമൂത്രവും മറ്റുല്പന്നങ്ങളും ശേഖരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മിച്ച് വില്പന നടത്താനും കൃഷിഭവന് പദ്ധതിയുണ്ടെന്ന് കൃഷി ഓഫീസര്‍ അബ്ദുള്‍ ജബാര്‍ പറഞ്ഞു.

1 അഭിപ്രായം:

ജഗദീശ്.എസ്സ് പറഞ്ഞു...

നല്ല ശ്രമം.
അഭിവാദ്യങ്ങള്‍.