2011, ഏപ്രിൽ 6, ബുധനാഴ്‌ച

റോഡ് നന്നായിട്ടും കണ്ണഞ്ചിറയില്‍ ദുരന്തമൊഴിയുന്നില്ല

എടപ്പാള്‍: കൊടുംവളവും കയറ്റങ്ങളുംമൂലം ദുര്‍ഘടാവസ്ഥയിലായിരുന്ന സംസ്ഥാന പാതയിലെ കണ്ണഞ്ചിറയില്‍ റോഡ് നന്നാക്കിയിട്ടും അപകടങ്ങള്‍ക്ക് മാറ്റമില്ല. കോലൊളമ്പ് സ്വദേശികളായ രണ്ടുയുവാക്കള്‍ എട്ടുമാസം മുമ്പ് ഇതേസ്ഥലത്ത് മിനിബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ച വേദന മാറും മുമ്പ് വീണ്ടുമുണ്ടായ അപകടമരണം കോലൊളമ്പിന് തീരാവേദനയായി. ചൊവ്വാഴ്ച അപകടത്തില്‍ മരിച്ച തെക്കുഞ്ചേരി അബ്ദുള്‍ സലാമിന്റെ വീട്ടിന്റെ മീറ്ററുകള്‍ക്കപ്പുറത്തുള്ള ഷാഫി, സലാം എന്നീ യുവാക്കളാണ് കഴിഞ്ഞ റംസാന്‍ കാലത്ത് അപകടത്തില്‍ മരിച്ചത്. സലാം നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഗായകന്‍, നാടക സിനിമാ നടന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഗാനമേള ട്രൂപ്പുകളിലും സക്രിയമായിരുന്നു. എറണാകുളത്ത് ടൈല്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സലാം ചൊവ്വാഴ്ച നാലുമണിയോടെയാണ് വീട്ടിലെത്തിയത്. സഹോദരന്‍ ഷരീഫ് ബുധനാഴ്ച പുലര്‍ച്ചെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ യാത്രയയക്കാനായിരുന്നു വരവ്. വീട്ടില്‍വന്ന് എടപ്പാളില്‍ പോയി സാധനം വാങ്ങിവരാമെന്ന് പറഞ്ഞ് സുഹൃത്ത് വാസനുമൊത്ത് ബൈക്കില്‍ പുറപ്പെട്ടതാണ്. കോഴിക്കോട് സ്വദേശിനിയായ ഭാര്യ എടപ്പാളിലെത്തുമെന്നു പറഞ്ഞിരുന്നു. അവരെയും കൂട്ടി മടങ്ങാമെന്നു കരുതിയുള്ള യാത്രയാണ് അവസാനയാത്രയായത്.

2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

നാടന്‍ വിഭവങ്ങളും ജൈവ പച്ചക്കറികളുമായി നല്ല ഭക്ഷണപ്രസ്ഥാനം

എടപ്പാള്‍: ഉപയോഗ ശൂന്യമെന്ന് കരുതി നാം വലിച്ചെറിയുന്നതും പോഷക സമൃദ്ധമായതുമായ നാടന്‍ ഉത്പന്നങ്ങള്‍കൊണ്ട് തയ്യാറാക്കിയ നാടന്‍ വിഭവങ്ങള്‍, ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമുപയോഗിച്ച് ഉല്പാദിപ്പിച്ച പച്ചക്കറികള്‍- വിഷമയമല്ലാത്ത ഭക്ഷണ രീതിയും രോഗങ്ങളില്ലാത്ത ജീവിതവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ വാര്‍ഷികാഘോഷം അക്ഷരാര്‍ഥത്തില്‍ മാതൃകാപരമായി. എടപ്പാള്‍ ഉദിനിക്കര എ.ജെ.ബി. സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് 25 ഓളം നാടന്‍ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും ജൈവ പച്ചക്കറി ചന്തയും വീട്ടമ്മമാര്‍ക്ക് പുതുമയായത്. വാഴപ്പിണ്ടികൊണ്ടുള്ള പിണ്ടിത്താര, ഉണ്ണിത്തണ്ട് പച്ചടി, ഇഞ്ചിത്തൈര്, പപ്പായ പെരക്ക്, വെള്ളരിക്കാപച്ചടി, കക്കിരിക്കാ പെരക്ക്, മത്തങ്ങ പായസം, പഴപ്പായസം, പരിപ്പ് പായസം, റാഗി പായസം, നെല്ലിക്കാവെള്ളം, കറുകപ്പുല്ല് ജ്യൂസ്, കുമ്പളങ്ങ ജ്യൂസ്, മുളപ്പിച്ച പയര്‍, എള്ള് എന്നിവകൊണ്ടുള്ള വിഭവങ്ങള്‍ തുടങ്ങി രുചിവൈവിധ്യം കൊണ്ടും പോഷക സമ്പന്നതകൊണ്ടും ശ്രേഷ്ഠമായ ഒട്ടനവധി വിഭവങ്ങളാണ് പരിപാടിയില്‍ ഒരുക്കിയിരുന്നത്. ഇതിനുശേഷമാണ് താലൂക്കിലെ ജൈവകര്‍ഷകര്‍ സ്വന്തം പറമ്പുകളില്‍ ഉല്പാദിപ്പിച്ച പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളുമടക്കമുള്ളവ വില്പനക്കായെത്തിച്ച ചന്ത നടന്നത്. വിഷമയമല്ലാത്ത സാധനങ്ങള്‍ വാങ്ങാനായി ജനങ്ങളുടെ നല്ല തിരക്കാണ് ഇവിടെ ഉണ്ടായത്. നേരത്തെ പ്രസിദ്ധ ബുദ്ധഭിക്ഷു ബന്തേദമ്മാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു. ശബരി വേലപ്പന്‍ അധ്യക്ഷത വഹിച്ചു. നിള ചന്ദ്രന്‍, വി. അശോക്കുമാര്‍, മിനി കുട്ടത്ത്, ഖദീജ നര്‍ഗീസ്, ഡോ. ശംഭു നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. അടുക്കള ഒരു സമരഭൂമി എന്ന വിഷയത്തില്‍ ഡോ. ജേക്കബ് വടക്കഞ്ചേരി പ്രഭാഷണം നടത്തി.

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം സ്റ്റാന്‍ഡേര്‍ഡോ തത്തുല്യപരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 100 രൂപ നേരിട്ടടച്ചാല്‍ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഏപ്രില്‍ 18 വരെ സ്‌കൂളില്‍ നിന്ന് കിട്ടും. തപാലില്‍ വേണ്ടവര്‍ പ്രിന്‍സിപ്പല്‍ ടി.എച്ച്.എസ്.എസ്. വട്ടംകുളം എന്ന പേരില്‍ എടപ്പാള്‍ എസ്.ബി.ടി.യില്‍ മാറാവുന്ന 130 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം പ്രിന്‍സിപ്പല്‍, ടി.എച്ച്.എസ്.എസ്. നെല്ലിശ്ശേരി, ശുകപുരം പി.ഒ., എടപ്പാള്‍, മലപ്പുറം ജില്ല, പിന്‍ 679576 എന്ന വിലാസത്തില്‍ ഏപ്രില്‍ 11ന് മുമ്പായി അപേക്ഷിക്കണം. പട്ടികജാതി വിഭാഗങ്ങള്‍ ഫോറം നേരില്‍ വാങ്ങാന്‍ 50 രൂപയും, തപാലില്‍ വേണ്ടവര്‍ 80 രൂപയുടെ ഡി.ഡി.യും എടുക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 19ന് മുമ്പായി സ്‌കൂളില്‍ ലഭിക്കണം. മെയ് മൂന്നിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.