2011, മാർച്ച് 18, വെള്ളിയാഴ്‌ച

കാബേജും കോളിഫ്‌ളവറും വിളവെടുപ്പിനൊരുങ്ങി; കുട്ടികള്‍ക്ക് ചോറിനൊപ്പം ഇനി ഉപ്പേരിയും

എടപ്പാള്‍: കോലൊളമ്പ് ജി.യു.പി സ്‌കൂളിലെ ഹരിത ക്ലബ്ബംഗങ്ങള്‍ നട്ടുവളര്‍ത്തിയ കാബേജും കോളിഫ്‌ളവറും വിളവെടുപ്പിന് പാകമായി.
വാഴയും ചേമ്പും മുളകുമെല്ലാം നട്ട കൂട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നൂറോളം കാബേജിന്റെയും കോളിഫ്‌ളവറിന്റെയും മുകുളങ്ങളും കൃഷിയിടത്തില്‍ നട്ടത്. ആദ്യമൊക്കെ വലിയ പ്രതീക്ഷയില്ലായിരുന്നു. രണ്ടുമാസം പിന്നിട്ടപ്പോഴേക്കും വലിയ ഇലകളുമായി തളിര്‍ത്തുവളര്‍ന്ന ചെടികളില്‍ കായുടെയും പൂവിന്റെയും ലക്ഷണങ്ങളായി. ഇപ്പോള്‍ വലിയ കോളിഫ്‌ളവറും കാബേജുമെല്ലാം വിളവെടുപ്പിനൊരുങ്ങി.

തൊട്ടടുത്തുതന്നെയുള്ള കൃഷിക്കാരന്‍ കല്ലിങ്ങന്‍ രാജന്‍ സൗജന്യമായി നല്‍കിയ ജൈവവളവും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും കുട്ടികള്‍ക്ക് പ്രയോജനമായി. ഉച്ചഭക്ഷണത്തിന് ചോറിനും ചെറുപയറിനുമൊപ്പം ഓരോദിവസവും കബേജിന്റെയും കോളിഫ്‌ളവറിന്റെയും വിഭവങ്ങള്‍കൂടി ഒരുക്കി കഴിച്ചാണ് കുട്ടികള്‍ ഈ അധ്യയനവര്‍ഷത്തിന് വിടപറയുക.

പ്രധാനാധ്യാപകന്‍ ഇ. രാജന്‍, പി. ബാലകൃഷ്ണന്‍, സി. ഷൈലജ, ഷാജി എന്നിവരും വിനീത്, അഞ്ജലി, അര്‍ച്ചന, വിസ്മയ, ഐശ്വര്യ എന്നീ വിദ്യാര്‍ഥികളുമാണ് കൃഷിക്ക് നേതൃത്വംനല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല: